Friday 11 February 2022

പെണ്ണുകാണൽ ഫ്ലാഷ് ബാക്ക്

അഖിൽ അനിൽ കുമാർ, സിബി രഞ്ജിത്, മാർട്ടിൻ പ്രക്കാട്ട്, ഐക്കൺ ടീമിന്റെ അർച്ചന 31 നോട്ട് ഔട്ട്‌ കണ്ടപ്പോൾ എന്റെ പെണ്ണ് കാണൽ ഒന്ന് ഓർത്തു പോയി. നക്കാപിച്ച ശമ്പളത്തിൽ ഏതെങ്കിലും ഒരു സർക്കാർ ഓഫീസിൽ തീരാനുള്ളതല്ല എന്റെ ജന്മം എന്ന് ജാതകത്തിൽ വ്യക്തമായി എഴുതി പിടിപ്പിച്ചിരിക്കുന്നതിനാൽ ആ വഴിക്ക് ശ്രദ്ധ കൊടുത്തില്ല. അമ്മ റിട്ടർആകുമ്പോഴും ഒരു സർക്കാർ ജോലിക്ക് സാധ്യത മുന്നിൽ ഉണ്ടായിരുന്നിട്ടും അത് തട്ടി തെറിപ്പിച്ചു സിനിമ, കുരുമുളക് കൃഷിക്ക് ഇറങ്ങുകയായിരുന്നു. ഒരേ സമയം നാല് ആലോചനകൾ... ( നിശ്ചിത വരുമാനം ഉള്ള സർക്കാർ ജീവനക്കാരൻ ആയിരുന്നു വെങ്കിൽ 30 എണ്ണം എങ്കിലും ഒരുമിച്ചു എത്തിയേനെ എന്നും ഓർക്കാതിരുന്നില്ല ). കോട്ടയത്ത്‌ നിന്നും അഭിഭാഷകയും, തിരുവനന്തപുരത്ത് നിന്നും സെൻറൽ സ്കൂൾ അധ്യാപികയും, പാലയിലും, കോഴിക്കോട് നിന്നും ബി എഡ് കാരും വന്നപ്പോൾ ഒന്ന് പകച്ചു. ടീച്ചർമ്മാർ തന്നെയാണ് നല്ലത്. വർഷത്തിൽ 2 മാസം അവധി. ആഴ്ചയിൽ ശനിയും ഞായറും പോകേണ്ട. പെണ്ണുങ്ങൾക്ക് പറ്റിയ പണി ടീച്ചർ പണി തന്നെയാ. അങ്ങനെ ഉപദേശങ്ങൾ നാനാവഴി... തെക്കത്തികളെ വിശ്വസിക്കാൻ കൊള്ളില്ല. കണ്ണ് എപ്പോഴും പണത്തിൽ മാത്രം ആയിരിക്കും. എന്നെ കൂടുതൽ അറിയാവുന്ന വത്സയുടെ ആശിർവാദത്തോടെ ഒടുവിൽ കോഴിക്കോടേക്കു വണ്ടി വിടുമ്പോ മനസ്സിലോർത്തു... ഇനി ഈ പെണ്ണിന് എങ്ങാനും എന്നെ പിടിച്ചില്ലങ്കിലോ...!!! കോഴിക്കോട് നിന്നും പ്രകൃതി രാമണീയമായ വഴിയിലൂടെ 17 കിലോ മീറ്റർ സഞ്ചരിച്ച് പെണ്ണിന്റെ വീട്ടിൽ എത്തി. കൂടെ ലൈല ഉണ്ടായതിനാൽ ഒരു ധൈര്യം. കയറിചെല്ലുമ്പോൾ വെളുത്തു അതിസുന്ദരിയായ ഒരു പെൺകുട്ടി. മനസ്സ് ഒന്ന് പകച്ചു ഹോ കൊള്ളാം. പ്രകൃതി പോലെ സുന്ദരി തന്നെ. ആള് കൊള്ളാലെ ഞാൻ പതുക്കെ ലൈലയോട് പറഞ്ഞു. ഭാഗ്യത്തിന് ഞാൻ ചെന്ന സമയത്ത് വീട്ടിൽ ആണുങ്ങൾ ആരും ഉണ്ടായിരുന്നില്ല. അപ്പൊ കുറച്ചൂടെ ധൈര്യം വർധിച്ചു. വീട്ടിൽ കയറി ഇരുന്നു. അമ്മയുമായിട്ടാണ് സംസാരിച്ചോണ്ടിരുന്നത്.എന്റെ സംസാരത്തിൽ അമ്മ വീണു. ഇത്രയും ദൂരത്തിൽ മോളെ കൊടുക്കുന്നതിൽ അമ്മക്ക് സങ്കടം ഉണ്ടെന്ന് സംസാരത്തിൽ എനിക്ക് മനസ്സിലാക്കാൻ സാധിച്ചു. ഞങ്ങളോടൊപ്പം വന്ന പൊന്നുംപൊതി ബാലൻ അതിന് പരിഹാരം നിർദേശിക്കുന്നതിനിടയിൽ പെൺകുട്ടി കടന്ന് വന്നു. ചെല്ലുമ്പോൾ ഉമ്മറത്തു കണ്ട കുട്ടിയല്ല വന്നത്. ( കയറി ചെല്ലുമ്പോൾ ഉമ്മറത്ത് കണ്ടത് നാത്തൂൻ ആയിരുന്നു എന്ന് പിന്നീട് അറിഞ്ഞു ). മുഖത്തേക്ക് ഒന്ന് നോക്കിയതേ ഉളൂ നാലാം ക്ലാസ്സിലെ കണക്ക് ക്ലാസ്സിൽ റോസി ടീച്ചറുടെ കണ്ണ് ഉരുട്ടിയുള്ള നോട്ടം ഓർമ വന്നതോടെ മുഖം ഇടത്തോട്ടു വെട്ടിച്ചു.പിന്നെ വായിലെ വെള്ളം വറ്റിയതോടെ മിണ്ടാതിരുന്നു. എന്തിനും ഏതിനും പറ്റിയ മൂന്ന് ചേട്ടൻമാർ രണ്ട് ചേച്ചിമാർ, അണു കുടുംബത്തിൽ ജനിച്ച എനിക്ക് ഇത്രയും അംഗങ്ങൾ എന്ന് കേട്ടപ്പോൾ എന്തോ ഒരു വല്യയ്മ. കൂടുതൽ അംഗങ്ങൾ ഉള്ള വീട്ടിൽ നിന്നും പെണ്ണ് കെട്ടുന്നത് തന്നെയാണ് നല്ലത്. നിനക്ക് എന്തെങ്കിലും ആവശ്യം വന്നാൽ ഓടി വരാൻ ആൾ ഉണ്ടാകും എന്ന് അമ്മയുടെ വക ഉപദേശം. ഒടുവിൽ അതങ്ങു ഉറപ്പിച്ചു. ഭാഗ്യമോ നിർഭഗ്യമോ എന്നറിയില്ല, എനിക്കിപ്പോഴും ആലോചനകൾ വന്ന് കൊണ്ടിരിക്കുന്നു.