Sunday 13 August 2023

ആയുർവേദ ക്യാമ്പ്

*സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി* കർക്കടക മാസത്തോട് ബന്ധപ്പെട്ട് അയ്യപ്പൻകാവ് അനുഗ്രഹ റസിഡന്റ്‌സ് അസോസിയേഷൻ, അഷ്ടവൈദ്യൻ ത്രിശൂർ തൈക്കാട്ട് മൂസ്, എസ് എൻ എ ഔഷധശാല, അയ്യപ്പൻകാവ് രുദ്ര ആയുർവേദ ക്ലിനിക്കും ചേർന്ന് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. കൊച്ചി നഗരസഭാ ഡിവിഷൻ കൗൺസിലർ മിനി ദിലീപ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡോ ശാരിക ജീവിത ശൈലി രോഗങ്ങളെക്കുറിച്ച് സംസാരിച്ചു. അസോസിയേഷൻ പ്രസിഡന്റ്‌ വി ശങ്കർ അധ്യക്ഷനായി.വൈസ് പ്രസിഡന്റ്‌ സി ആർ രതീഷ് ബാബു, സെക്രട്ടറി എ എച് ജയറാം, ജോയിൻ സെക്രട്ടറി എ കെ ഉണ്ണികൃഷ്ണൻ, ട്രഷറർ പി എം ശിവാനന്ദൻ , കമ്മിറ്റി അംഗം കെ ആർ ഉണ്ണികൃഷ്ണൻ, എ എസ് ബാലകൃഷ്ണൻ, രാധാകൃഷ്ണൻ, ആശ എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി. ഡോ. ആർ ശാരിക, ഡോ നവീൻ എന്നിവർ പരിശോധന നടത്തി. ക്യാമ്പില്‍ നിര്‍ണയിക്കുന്ന രോഗങ്ങള്‍ക്കുള്ള മരുന്ന് വിതരണം സൗജന്യമായി നൽകി. കൊറോണക്ക് ശേഷം കണ്ട് വരുന്ന ചുമ, ശ്വാസതടസം എന്നിവക്കുള്ള മരുന്നുകളും ക്യാമ്പില്‍ നല്‍കി. ഉച്ചക്ക് 12 മണി വരെയായിരുന്നു ക്യാമ്പ് എങ്കിലും ആളുകളുടെ എണ്ണം കൂടിയതിനാൽ സമയം നീണ്ടു.

Sunday 6 August 2023

രാമായണ പാരായണം

*സമ്പൂർണ ഏകദിന രാമായണ പാരായണം* അയ്യപ്പൻകാവ് എസ് എൻ ഡി പി യോഗം 1403 ശാഖയുടെ വനിതാ സംഘം അംഗ ങ്ങളുടെ കൂട്ടായ്മയിൽ സമ്പൂർണ ഏകദിന രാമായണ പാരായണം നടത്തി. രാമശബ്ദം പരബ്രഹ്മത്തിന്‍റെ പര്യായവും, രാമനാമം ജപിക്കുന്നത് മനസിനെ ശുദ്ധീകരിക്കുകയും മനുഷ്യരെ മോക്ഷപ്രാപ്‌തിക്ക്‌ അര്‍ഹരാക്കുകയും ചെയ്യുന്നു. ശ്രീരാമ പട്ടാഭിഷേക ചിത്രത്തിന് മുന്നിൽ നിലവിളക്ക് തെളിയിച്ച് ഗണപതിയെ വന്ദിച്ച് നാളികേരം സമർപ്പിച്ച ശേഷം രാമായണത്തിൽ തൊട്ടുതൊഴുത്തു ഭക്തിയോടെ പാരായണം ആരംഭിക്കുകയായിരുന്നു.ഇരുണ്ട മേഘങ്ങള്‍ക്കൊപ്പം മഴയും കൂടി പെയ്തതോടെ അതൊരു നല്ല ലക്ഷണമായിരുന്നു. രാവിലെ 6 മണിക്ക് ആരംഭിച്ച സമ്പൂർണ രാമായണ പാരായണത്തിന് അനു ഗണേഷ് വനിതാ സംഘം പ്രസിഡന്റ് ഗീതാ സന്തോഷ്‌, ഷീല വിനോദ് ബാബു, ശോഭന രാമചന്ദ്രൻ, സരോജം,ലളിത സതീഷ് തുടങ്ങിയവർ നേതൃത്വം നൽകി. അവതാര പുരുഷനായ ശ്രീരാമനു പോലും ഒട്ടേറെ വേദനകളിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നു പോകേണ്ടി വന്നു അപ്പോൾ സാധാരണ മനുഷ്യരുടെ ആകുലതകള്‍ക്ക് എന്ത് പ്രസക്തി എന്ന ചിന്ത സാധാരണ മനുഷ്യർക്ക് ഉണ്ടാകും.ഈ ചിന്ത വിശ്വാസികൾക്ക് കഠിനതകൾ കടക്കാൻ അത്യന്തം ആത്മബലം നൽകുന്ന ഒന്നാണ്. മനസിലെ അജ്ഞാനമാകുന്ന അന്ധകാരം നീക്കി വിജ്ഞാനമാകുന്ന പ്രകാശം പരത്തുന്നതിന് വേണ്ടിയാണ് രാമായണ പാരായണവും രാമായണ ശ്രവണവും കര്‍ക്കിടകത്തില്‍ ഏതാനും വർഷങ്ങളായി ശാഖ നടത്തി വരുന്നതെന്ന് സെക്രട്ടറി എ എസ് ബാലകൃഷ്ണൻ പറഞ്ഞു. സമ്പൂർണ്ണ രാമായണ പാരായണത്തിന് എത്തിച്ചേർന്നവർക്ക് അന്നദാനവും നടന്നു.