Saturday 1 October 2022

ഓൾഡ് റെയിൽവേ സ്റ്റേഷൻ ശുചീകരിച്ചു

*ഓൾഡ് റെയിൽവെ സ്റ്റേഷൻ ശുചീകരിച്ചു* എന്റെ തറവാട് മുറ്റത്ത്‌ നിന്നും നോക്കുമ്പോൾ കരിപ്പുക തുപ്പി ചൂളം വിളിച്ചുകൊണ്ടു ഫ്ലാറ്റ് ഫോമിലേക്ക് വരുന്ന ട്രെയിനുകൾ. ആ വരവ് കണ്ട് ഞങ്ങളൊക്കെ തുള്ളിച്ചടും. പ്രൗഡിയോടെ തല ഉയര്‍ത്തി നിന്ന എറണാകുളത്തെ ആദ്യ റയില്‍വേ സ്റ്റേഷന്‍ ഇന്ന് ശവപ്പറമ്പായിമാറി എങ്കിൽ ആരാണ് ഉത്തരവാദി? ചരിത്രത്തോട് അധികൃതർ കാണിച്ച അവഗണനയുടെ നേർസാക്ഷ്യം കൂടിയാണ് തകർന്ന് തരിപ്പണമായ ഈ പൈതൃക കേന്ദ്രം. സ്വാമി വിവേകാനന്ദന്‍റെയും രവീന്ദ്ര നാഥ്‌ ടാഗൂറിന്‍റെയും ഓര്‍മകള്‍ ഉറങ്ങുന്ന, വൈക്കം സത്യഗ്രഹത്തില്‍ പങ്കെടുക്കാന്‍ മഹാത്മാഗാന്ധി വന്നിറങ്ങിയ കൊച്ചിയുടെ സ്വന്തം ഓൾഡ് റെയിൽവേ സ്റ്റേഷൻ. സൗത്ത് 'റെയില്‍വേ സ്റ്റേഷന്റെയും നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍റെയും നവീകരണം ആണ് ആദ്യ ഈ റെയിൽവേ സ്റ്റേഷന്‍റെ നാശത്തിനു വഴിയോരുക്കിയത്. ഓൾഡ് റെയിൽവേ സ്റ്റേഷൻ ഹെറിറ്റേജ് സ്റ്റേഷനായി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു പതിറ്റാണ്ടിലേറെയായി ഓൾഡ് റെയിൽവേ സ്റ്റേഷൻ വികസന സമിതി രംഗത്തുണ്ട്. നാല് വർഷം മുമ്പ് റെയിൽവേ ഈ ആവശ്യം അംഗീകരിക്കുകയും പ്രവർത്തനങ്ങൾക്കായി പണം അനുവദിക്കുകയും ചെയ്‌തിരുന്നു. ഇന്ന് ഓൾഡ് റെയിൽവേ സ്റ്റേഷൻ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തിയോട് ബന്ധപ്പെട്ട് നടന്ന *ഗാന്ദീയം 2022* പരിപാടിയിൽ പങ്കെടുക്കാവനായിട്ടാണ് ഇന്ന് ഒരിക്കൽ കൂടി ഇവിടം സന്ദർശിച്ചത്. ഗാന്ധിജിയുടെ പാദസ്പർശം ഏറ്റ ഓൾഡ് റെയിൽവേ സ്റ്റേഷനും പരിസരവും മഹാരാജാസ് കോളേജിലെ എൻ സി സി വിദ്യാർത്ഥികളും മുതിർന്ന പൗരൻമാരും ചേർന്ന് ശുചീകരിച്ചു. റെയിൽവേ ഏരിയ മാനേജർ പരിമളൻ ഉദ്ഘാടനം നിർവഹിച്ചു. ഓൾഡ് റെയിൽവേ സ്റ്റേഷൻ വികസന സമിതി ജനറൽ കൺവീനർ കെ പി ഹരിഹര കുമാർ, പ്രസിഡന്റ്‌ എം ആർ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. ഇ ആർ ജി എന്ന സ്റ്റേഷൻ കോഡിൽ അറിയപ്പെടുന്ന എറണാകുളം ഓൾഡ് റെയിൽവേ സ്റ്റേഷന്റെ പൈതൃകം നിലനിർത്തി സംരക്ഷിക്കുവാൻ 500 കോടിയുടെ വികസന പദ്ധതിയായിരുന്നു റെയിൽവേ ലക്ഷ്യമിട്ടത്. ആദ്യഘട്ടമായി അനുവദിച്ച ഒന്നര കോടി രൂപ വിനിയോഗിച്ച് ട്രാക്കുകൾ നവീകരിച്ചുവെങ്കിലും പിനീട്‌ പണികൾ നിലക്കുകയായിരുന്നു.

No comments:

Post a Comment