Wednesday, 27 December 2023
രാമേശ്വരം യാത്ര
*ആത്മീയതയും സമാധാനവും ആഗ്രഹിക്കുന്നവർ തീർച്ചയായും രാമേശ്വരത്ത് പോകണം*
പവിത്രവും ദൈവികവുമായ സാന്നിധ്യം ഉണ്ടെങ്കിൽ മാത്രമേ രാമേശ്വരത്തേക്കുള്ള യാത്ര സാധ്യമാകൂ എന്ന് പഴമക്കാർ പറയും.
അങ്ങനെ ഭാഗ്യം ലഭിച്ചവർ ചേർന്നാണ് എറണാകുളത്തെ ഗുരുനാരായണ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 23 ന് യാത്രക്ക് തുടക്കം കുറിച്ചത്.
എറണാകുളത്ത് നിന്നും ഗുരുവായൂർ മധുര എക്സ്പ്രസ്സിന് ആയിരുന്നു ഞങ്ങൾക്കുള്ള ടിക്കറ്റ്. പുറപ്പെടേണ്ട സമയത്തിൽ നിന്നും 20 മിനിറ്റ് വൈകിയാണ് ട്രെയിൻ എത്തിയതെങ്കിലും ഓട്ടത്തിൽ ലേറ്റ് ടൈം ലോക്കോ പൈലെറ്റ് അഡ്ജസ്റ്റ് ചെയ്തു ഓടി ഞങ്ങളെ കൃത്യസമയത്ത് തന്നെ മധുരയിൽ എത്തിച്ചു.
മധുരയിൽ ഹോട്ടൽ സുപ്രിമിൽ ആയിരുന്നു ഞങ്ങൾക്കുള്ള താമസം ഒരുക്കിയിരുന്നത്. കുളിച്ചു ഫ്രഷ് ആയ ശേഷം മീനാക്ഷി സുന്ദരേശ്വര ക്ഷേത്രത്തിലേക്ക്.
ഉള്ളിലേക്ക് പ്രവേശിക്കുന്ന ഗേറ്റ് ഓർത്ത് വെക്കുക . ക്ഷേത്രം വളരെ വലുതും നിരവധി ഗോപുരങ്ങളുള്ളതുമാണ്, നമ്മൾ പ്രവേശിക്കുന്ന ഗേറ്റ് നമ്മൾക്ക് ഓർമ്മയില്ലെങ്കിൽ, നമ്മുടെ മൊബൈൽ, ചെരുപ്പ്, ബാഗ് ക്ലോക്ക് റൂമിൽ നിന്ന് തിരികെ ശേഖരിക്കണമെങ്കിൽ പിന്നീട് കാര്യമായ ആശയക്കുഴപ്പം ഉണ്ടാകും.
രാത്രി പലരും അവരവർക്കു ഇഷ്ടപെട്ട ഭക്ഷണം ആണ് കഴിച്ചത്. വരും വഴി ഒരു ജിഗർ തണ്ടയും കഴിച്ചു കിടന്നതേ ഓർമ്മയുളൂ. പിന്നെ അലാറം അടിക്കുന്ന ശബ്ദം കേട്ടാണ് ഉണരുന്നത്.
രാവിലെ 6 മണിക്ക് രമേശ്വരത്തേക്ക് തിരിക്കേണ്ടതിനാൽ ആണ് അലാറം വെച്ച് കിടന്നത്.
പറഞ്ഞ സമയത്ത് തന്നെ ഞങ്ങൾക്ക് രമേശ്വരത്തേക്ക് പോകേണ്ട വാഹനം മുത്തു രത്തിനം ഹോട്ടലിൽ എത്തിച്ചിരുന്നു. ഹോട്ടലിലെ ഫോട്ടോ ഷൂട്ട് കഴിഞ്ഞു ഓരോരുത്തരായി വണ്ടിയിൽ കയറി പുറപ്പെടുമ്പോൾ 10 മിനിറ്റ് വൈകിയിരുന്നു.
നലഭഗം ഹോട്ടൽസിന്റെ ഭീമാസിൽ ആയിരുന്നു ഞങ്ങൾക്കുള്ള പ്രഭാത ഭക്ഷണം ഒരുക്കിയിരുന്നത്. പൂരിയും, മസാലയും, ചമ്മന്തിയും മുളപ്പിച്ച പയറും ഉൾപ്പെടെ അസ്സൽ ബ്രേക്ക് ഫാസ്റ്റ് തന്നെയായിരുന്നു. രുചി വെച്ച് നോക്കിയാൽ ബില്ലിലെ തുക വലിയ തുകയായി ആർക്കും തോന്നിയതു മില്ല. അന്ന് വൈകീട്ടത്തെ അത്താഴവും ഇവിടെ തന്നെയായിരുന്നു.
മികച്ച നാല് വരി പാത. രണ്ടിടങ്ങളിൽ ടോൾ പ്ലാസ. ഫാസ്റ്റ് ടാഗ് ഉണ്ടായിരുന്നത് കൊണ്ട് സാമ്പത്തിക നഷ്ടവും സമയ നഷ്ടവും ടോൾ ഗേറ്റുകളിൽ ഉണ്ടായില്ല. പൊതുവെ വരണ്ട ഭൂപ്രകൃതി. മിക്കവാറും സ്ഥലങ്ങളിൽ വലിയ ജനവാസമില്ലാത്ത പ്രദേശങ്ങളിൽ കൂടിയാണ് ദേശീയ പാത കടന്നുപേകുന്നത്. റോഡിൽ കാര്യമായ തിരക്കില്ലാത്തതും കിലോമീറ്ററുകളോളം റോഡ് ദൃശ്യമാവുന്നതിനാലും അതിവേഗതയിൽ തന്നെയാണ് വാഹനം സഞ്ചരിച്ചത്. പ്രധാന ജംഗ്ഷനുകളിൽ ഒഴികെ ഒരിടത്തും ക്യാമറകളും കണ്ടില്ല.
മണ്ഡപത്തിൽ നിന്നു പ്രസിദ്ധമായ പാമ്പൻപാലം വഴിയാണ് രാമേശ്വരത്തിലേക്കുളള യാത്ര.
വിലക്കുകൾ ലംഘിച്ച് പാലം നീളെ വാഹനങ്ങൾ പാർക്ക് ചെയ്തതിനാൽ ചെറിയ ബ്ലോക്കും ഉണ്ടായി.തൊട്ടു താഴെയുള്ള റെയിൽ പാളത്തിലെ കാഴ്ച കാണാനാണ് ആളുകൾ ഏറെപേരും കൂടി നിൽക്കുന്നതും . പാലവും കടന്ന് രാമേശ്വര ദ്വീപിലേക്ക് കടക്കുമ്പോൾ ആദ്യം ശ്രദ്ധയിൽ പെടുന്നത് റോഡിന്റെ ഇടത് വശത്തെ ഡോ. എ.പി.ജെ അബ്ദുൾ കലാമിന്റെ പേരിലുളള മ്യൂസിയമാണ്.
ക്ഷേത്രത്തിന് മുമ്പിലുളള ബംഗാൾ ഉൾക്കടൽ തീരത്ത് ബലികർമ്മങ്ങൾ നടത്താനാണ് പ്രധാനമായും തീർത്ഥാടകർ എത്തുന്നത്.
രാമേശ്വരം ക്ഷേത്രത്തെ സവിശേഷമാക്കുന്നത് ഇവിടുത്തെ പവിത്രമായ തീർഥങ്ങളാണ്. 22 തീർഥങ്ങളാണ് ക്ഷേത്രത്തിനകത്ത് കുളിക്കുന്നതോടെ ഭക്തരുടെ സർവപാപദോഷങ്ങളിൽ നിന്നും വിമുക്തിയുണ്ടാകുമെന്നാണ് വിശ്വാസം.
22 തീർഥങ്ങൾ ശ്രീരാമന്റെ വില്ലിലെ 22 അമ്പുകളെയാണത്രേ സൂചിപ്പിക്കുന്നത്. ഏറ്റവും പ്രധാനം അഗ്നി തീർഥമെന്ന സമുദ്രതീരം തന്നെ. ക്ഷേത്രത്തിലെ തീർഥത്തിൽ കുളിക്കും മുമ്പ്
ബലി കർമ്മങ്ങൾ നടത്തി അഗ്നി തീർത്ഥം എന്നു വിശ്വസിക്കുന്ന കടലിൽ മുങ്ങി നിവർന്ന് ഈറൻ വേഷത്തിൽ ക്ഷേത്ര ദർശനം നടത്തുന്നത്തോടെയാണ് ബന്ധപ്പെട്ട ചടങ്ങുകൾ പൂർത്തിയാകുക. ഇതോടെ സർവദോഷങ്ങളിൽ നിന്നും സംസാര ദുഖങ്ങളിൽ നിന്നും വിമുക്തി തരുന്ന ഏതോ പുണ്യം അനുഭവപ്പെടും!
Image : C V Giridharaghosh
Subscribe to:
Post Comments (Atom)
No comments:
Post a Comment