Wednesday, 22 January 2025

പക്വത

*പക്വത* പലരും പറയുന്നത് കേൾക്കാം അവന് അല്ലെങ്കിൽ അവൾക്ക് പക്വത ഇല്ലെന്ന്! കഴിഞ്ഞ ദിവസവും എന്നെപ്പറ്റിയും ഇങ്ങനെ പറയുന്നത് കേട്ടു. പക്വത എന്നതുകൊണ്ട് ഇവർ എന്താണ് ഉദ്ദേശിച്ചതെന്നു എനിക്ക് മനസ്സിലായില്ല. ആളുകൾ പ്രായത്തിനനുസരിച്ച് പക്വത പ്രാപിക്കുന്നു എന്ന് സാധാരണയായി അനുമാനിക്കുന്നു, എന്നാൽ ഞാൻ ഉൾപ്പെടെ പലരും പ്രായപൂർത്തിയാകുകയും പക്വത പ്രാപിക്കുകയും ചെയ്തിട്ടില്ലെന്നു പറഞ്ഞാലും അത്ഭുതമില്ല. മനുഷ്യാത്മാവിൻ്റെ പക്വത ജീവിതത്തിൻ്റെ ലക്ഷ്യമാണെന്ന് ഞാൻ മുന്നേ എഴുതിയിട്ടുള്ളതാ. അനിശ്ചിതത്വം സഹിക്കാനുള്ള കഴിവാണ് പക്വത. അഭിനന്ദിക്കാനായി ആരെങ്കിലും വിളിച്ചാൽ പോകുന്ന പോലെത്തന്നെ വിമർശിക്കാനായി ആരെങ്കിലും വിളിച്ചാലും ആ ക്ഷണം സ്വീകരിച്ചു അതിനായി പോകും. കാരണമെന്തെന്നാൽ അഭിനന്ദനം ഒരു സുഖം മാത്രമേ തരൂ എന്നാൽ വിമർശനമാണ് എന്നെ ആന്തരികമായി വളരുവാനും പഠിക്കാനും എന്നെ സഹായിക്കുന്ന ശക്തി.

Monday, 13 January 2025

തിരുവാതിര

*നൃത്ത, നൃത്യ, നാട്യ* _നൃത്തത്തിൻ്റെ ഏറ്റവും അടിസ്ഥാനപരമായ ലക്ഷ്യങ്ങളിലൊന്ന് അതിൻ്റെ ആവിഷ്കാരം._ ഒരു പ്രവർത്തനത്തെ നൃത്തമായി കണക്കാക്കണമെങ്കിൽ, നർത്തകിക്ക് അതിനെ അത്തരത്തിലുള്ളതായി വേർതിരിക്കാനുള്ള കഴിവെങ്കിലും ഉണ്ടായിരിക്കണം. നർത്തകിയും നൃത്തസംവിധായികയുമായ രോഷ്നി തൻ്റെ എർത്ത് എയിഞ്ചൽസിന് വേണ്ടി ഒരു നൃത്തസംവിധായിക എന്ന നിലയിൽ വൈവിധ്യമാർന്ന ചലന ശൈലികൾ ഉപയോഗിച്ചു ചിട്ടപ്പെടുത്തിയ തിരുവാതിരക്കളി സന്ധ്യഭംഗിയുടെ നിലാവു പടർന്ന എറണാകുളം അയ്യപ്പൻകാവ് ക്ഷേത്ര മുറ്റത്ത് രോഷ്നി വിജയകൃഷ്ണന്റെ മനസ്സിലെ തിരുവാതിര ശരീരഭാഷയിലൂടെ ജീവൻ നൽകുന്നതായിരുന്നു. രോഷ്നി വിജയകൃഷ്ണൻ, ഗീത സന്തോഷ്‌, ഷമ്മി ലാൽ, കല ജയറാം, ധന്യ രാജേഷ്, സിനി രാജേഷ്, ജയശ്രീ മുരളി, ജീന മുരുകൻ സ്വയം മറന്ന് തിരുവാതിരച്ചുവടുകളിലേക്ക് ...അവരുടെ മൈലാഞ്ചിചോപ്പുള്ള കൈകൾ പാട്ടിന്റെ താളത്തിൽ ലാസ്യഭംഗിയോടെ മിന്നി മായുന്നു. സാധാരണ നൃത്തരൂപങ്ങളെ അപേക്ഷിച്ച്‌ തിരുവാതിരക്കളിയുടെ ചുവടുകള്‍ക്കും പ്രത്യേകതയുണ്ട്.സാധാരണ ഒരുപാട് വേഗത്തിലുള്ള ചുവടുകള്‍ ഒന്നും തന്നെ ഉപയോഗിക്കാറില്ല. എന്നാൽ വേഗത്തിലുള്ള ചുവടുകളും കാലുകള്‍കൊണ്ട് ചുവടു വെയ്ക്കുമ്പോള്‍ കൈകളും പ്രത്യേക രീതിയില്‍ ചലിപ്പിക്കുന്നതും രോഷ്‌ണീസ് എർത്ത് എയിഞ്ചൽസിന്റെ തിരുവാതിര ശ്രദ്ധേയമാക്കുന്നു. തിരുവാതിരക്കളിയില്‍ കാലങ്ങളായി ഒരേ തരത്തിലുള്ള ചുവടുകളാണ് ഉപയോഗിക്കാറുള്ളതെങ്കിലും, ഭാവ പ്രകടനങ്ങൾക്കാളേറെ, ചലനങ്ങള്‍ക്കും ചുവടുകള്‍ക്കും, ശാരീരിക വഴക്കത്തിനും പ്രാധാന്യം നല്‍കുന്നതരത്തിലുള്ള നൃത്തരീതി ആണ് ഇത്തവണ കോറിയോ ഗ്രാഫർ രോഷ്‌ണി വിജയകൃഷ്ണൻ തിരുവാതിരക്കളിയിൽ ആവിഷ്കരിച്ചിരിക്കുന്നത്. ആത്മീയവും , മാനസികവുമായ ആനന്ദത്തോടെ ഒപ്പം തന്നെ, ശാരീരിക ഗുണഫലങ്ങൾ കൂടി സ്ത്രീകൾക്ക് കിട്ടുന്നതാണ് തിരുവാതിരക്കളി. അച്ചടക്കം, ബഹുമാനം, സൗഹൃദം, നേതൃത്വം, സഹിഷ്ണുത, ടീം വർക്ക്, പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യൽ എന്നിവയിലൂടെ വളർച്ചയുടെയും വികാസത്തിൻ്റെയും നിർണായക ഭാഗമായി ഇന്ന് എർത്ത് എയിഞ്ചൽസ് മാറിയിരിക്കുകയാണ്. മലയാളിയുടെ സാംസ്കാരിക പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന വേഷവിധാനവും താളവും ഈണവും തന്നെയായിരുന്നു ഈ തിരുവാതിര കളിയുടെ പ്രത്യേകതയും. കൂടുതൽ അപ്‌ഡേറ്റുകൾക്ക് : jayaar © 2025 ഫോട്ടോ കടപ്പാട് : ലാൽ

Saturday, 4 January 2025

പി എൻ പ്രസന്ന കുമാർ

*ഓർമ്മകൾ മരിക്കുന്നില്ല.* ചെക്കോസ്ലൊവാക്യയിലെ പ്രാഗില്‍ നിന്നും ജേണലിസത്തില്‍ ഫെലോഷിപ്പ് നേടി. കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ എക്‌സിക്യൂട്ടീവ് മെമ്പറായി പിന്നീട് വീക്ഷണം പത്രത്തിന്റെ കൊച്ചി ബ്യൂറോയില്‍ ചീഫ് റിപ്പോര്‍ട്ടറായി ഇരിക്കുമ്പോൾ ആണ് ജേർണലിസം കഴിഞ്ഞു നിൽക്കുന്ന എനിക്ക് വീക്ഷണവുമായി ചേർന്ന് പ്രവർത്തിക്കുവാനുള്ള അവസരം പ്രസന്നൻ ചേട്ടൻ നൽകുന്നത്. മനസിൽ അക്ഷരങ്ങൾ കൊണ്ട് മഴവില്ല് തീർത്ത കാലം. എഴുത്തിന്റെ വെളിച്ചം എനിക്കു നൽകിയ പ്രസന്നൻ ചേട്ടനെ സ്നേഹത്തോടെയല്ലാതെ എനിക്കോർക്കാൻ കഴിയില്ല. പ്രത്യക്ഷത്തിൽ വാചാലരാകാറില്ലെങ്കിലും കണ്ണുകൾ കൊണ്ട് സംസാരിക്കുകയും മനസ് കൊണ്ട് അനുഗ്രഹിക്കുകയും ചെയ്തിരുന്ന പ്രസന്നൻ ചേട്ടനെയും, വീക്ഷണത്തിലെ ദത്തൻ സാറിനെയും, എ ഡി രാജൻ സാറിനെയും എനിക്കൊത്തിരി ഇഷ്ടമായിരുന്നു. ഞങ്ങളുടെ ഇടയിലെ സ്നേഹം, സഹവർത്തിത്വം ഇവയെല്ലാം പിന്നീട് ഓ ർക്കാനുള്ള മധുരമുള്ള സന്ദർഭങ്ങളായിത്തീരുകയായിരുന്നു. വീക്ഷണത്തിൽ നിന്നും പിന്നീട് മനോലോകത്തിനും ക്രൈംമിന് വേണ്ടിയും പ്രവർത്തിക്കുമ്പോഴും പ്രസന്നൻ ചേട്ടനെ കാണാൻ വീക്ഷണത്തിൽ പോകാറുണ്ടായിരുന്നു. ജയ് ഹിന്ദ് ചാനൽ ആരംഭിച്ചപ്പോഴും എന്നെ അദ്ദേഹം വിളിച്ചിരുന്നു. ഒരു പത്രപ്രവർത്തകൻ മാത്രമായിരുന്നില്ല പ്രസന്നൻ ചേട്ടൻ. മണ്ണില്‍ കാലു തൊട്ടു നില്‍ക്കുന്ന പച്ച മനുഷ്യനായിരുന്നു. കാപട്യം കലരാത്ത രാഷ്‌ട്രീയക്കാരനായിരുന്നു. പത്രപ്രവർത്തക ലോകത്ത് നിറഞ്ഞ് നിൽക്കുമ്പോൾ തന്നെ അദ്ദേഹം ഞാൻ താമസിക്കുന്ന ഡിവിഷനിലെ കൗൺസിലർ ആയി രണ്ട് തവണ തെരഞ്ഞെടുക്കപെട്ടിട്ടുണ്ട്. ജനപ്രതിനിധി എന്ന നിലയിലും അദ്ദേഹം മികവുറ്റ പ്രവർത്തനം കാഴ്ചവെച്ചു. പ്രസന്നൻ ചേട്ടനുമായി എനിക്ക് പുലർത്താൻ കഴിഞ്ഞ ആത്മബന്ധം എന്റെ ജീവിതത്തിലെ വലിയ മുതൽക്കൂട്ടു തന്നെയാണ്. ഇന്നും ഒരു റോഡിന്റെ മറുവശത്തു നിന്നുകൊണ്ട് അല്ലെങ്കിൽ എതിരെയുള്ള വാഹനത്തിൽ യാത്രചെയ്തു കൊണ്ട് മറുവശത്തുള്ള മറുവശത്തു കൂടി പോകുന്ന എന്നെ കണ്ടാൽ നോക്കി പുഞ്ചിരിച്ചു അനുഗ്രഹവർഷം ചൊരിയുന്ന പ്രസന്നൻ ചേട്ടൻ ഇനി ഓർമകളിൽ മാത്രം. പ്രിയ പ്രസന്നൻ ചേട്ടന് പ്രണാമം.