Tuesday, 10 December 2024
ആനയും അമ്പാരിയും ഇല്ലാതെ എന്ത് ഉത്സവം
*ആനയും അമ്പാരിയും ഇല്ലാതെ എന്തോന്നുത്സവം*!
_പാരമ്പര്യങ്ങളെ അനുസ്മരിക്കാൻ ഒത്തുചേരുന്ന ഈ ആഘോഷങ്ങൾ സംസ്ഥാനത്തിന്റെ മതപരമായ വൈവിധ്യത്തെ കോർത്തിണക്കുന്നതാണെങ്കിലും ഇന്ന് സ്ഥിതിയാകെ മാറിമാറിഞ്ഞിരിക്കുന്നു._
ക്ഷേത്രത്തിലെ ചൈതന്യം ഉത്സവസമയത്തു നടക്കുന്ന ചടങ്ങുകളുടേയും ബലികളുടെയും, ശുദ്ധികർമ്മങ്ങളുടേയും ഫലമായി വർദ്ധിച്ചു പൊങ്ങി വിഗ്രഹത്തിൽ നിന്നു ശ്രീകോവിലിലേക്കും, ചുറ്റമ്പലങ്ങളിലേക്കും മതിൽകെട്ടിനകത്തേക്കും വ്യാപിച്ച് അവിടെനിന്ന് വീണ്ടും ഉയർന്ന് ക്ഷേത്രം നിൽക്കുന്ന മാറ്റിടങ്ങളിലേക്കും മുഴുവൻ പരന്ന് പ്രദേശമാകെ ഐശ്വര്യം പരത്തുന്നു എന്നാണ് ഉത്സവത്തെ സംബന്ധിച്ചുള്ള വിശ്വാസം. ഉത്സവം ആഘോഷിക്കുന്നതിലെ സത്യസന്ധതയാണ് പഴയകാലം മുന്നോട്ട് വച്ചതെങ്കിൽ ഇന്ന് അതാണോ സ്ഥിതി?!
ഉത്സവങ്ങള്‍ക്ക് ഉണ്ടായിരുന്ന നന്‍മയും തനിമയും ശാലീനതയും നഷ്ടമായിരിക്കുന്നു .ഇപ്പോള്‍ എല്ലാം സ്‌പോന്‍സറിങ്ങാണ്.
ചാനല്‍ പരിപാടികള്‍ക്കിടയില്‍ പറയുംപോലെ ഉത്സവങ്ങളുടെ ഓരോ ഭാഗവും നാട്ടിലെ സാമ്പത്തിക ശേഷി കൂടുതല്‍ ഉള്ളവര്‍ സ്‌പോന്‍സര്‍ ചെയ്യുകയാണ്. സമ്പന്നരുടെ പണക്കൊഴുപ്പാണ് ഇപ്പോള്‍ നമ്മുടെ ഉത്സവങ്ങള്‍ക്ക് കൊഴുപ്പ് കൂട്ടുന്നത്. ഉത്സവത്തിന് കൊടിയേറാന്‍ കൊടിമരത്തില്‍ ചേര്‍ക്കേണ്ട കൊടിക്കൂറ വരെയും സ്‌പോന്‍സറിങ്ങിലൂടെ കണ്ടെത്തുകയാണ്.
ഉറക്കമൊഴിയാന്‍ തയ്യാറായിരുന്ന ഒരു പഴയകാലമൊന്നുണ്ടായിരുന്നു എനിക്ക്. നാട്ടിലെ ഏഴ് പകലും രാവും ചലനാത്മകമായി നിര്‍ത്തിയ ഉത്സവ രാവുകൾ ഒളിമങ്ങുകയാണോ?
വീടിന് അടുത്ത അമ്പലത്തിലെ ഉത്സവം കാണുവാന്‍ പോവുക എന്നത് ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒന്നായിരുന്നു. ആബാലവൃദ്ധമാണ് ഉത്സവത്തിനായി എത്തിയിരുന്നത്.
വെടിക്കെട്ട് കഴിഞ്ഞുള്ള
രാത്രിയിലെ കലാപരിപാടികള്‍ കാണാൻ മുൻനിരയിൽ ഇരിപ്പിടം കണ്ടെത്താനുള്ള ഓട്ടം ഉണ്ടല്ലോ അതിപ്പോഴും മറന്നിട്ടില്ല.
ഉത്സവ പറമ്പിള്‍ ഇല്ലാത്തതായി ഒന്നുമില്ല. ഒരിടത്ത് പണം വച്ചുള്ള ചീട്ട് കളി. മറ്റൊരിടത്ത് ഒന്ന് വച്ചാല്‍ രണ്ട് കിട്ടും, രണ്ട് വച്ചാല്‍ നാല് കിട്ടും എന്നു പറയുന്ന കുലുക്കി കുത്ത്. തൊട്ടടുത്ത് ആന-മയില്‍-ഒട്ടകം, മണിയടിയും തട്ടുംമുട്ടുമായി കപ്പലണ്ടിയും പട്ടാണിയും വില്‍ക്കുന്നവര്‍. ചാന്തും കണ്‍മഷിയും പൊട്ടും വളയും റിബണും വില്‍ക്കുന്ന വച്ചുവാണിഭ കച്ചവടക്കാരുടെ നീണ്ട നിര. ബലൂണും പീപ്പിയും തോക്കും പൊട്ടാസും പാവയും ഒക്കെയായി മറ്റൊരു കൂട്ടര്‍. ചുക്കു കാപ്പിയും പപ്പട ബോളിയും വില്‍ക്കുന്നവര്‍ വേറെ. ഉത്സപറമ്പുകളില്‍ ഇല്ലാത്തതായി ഒന്നുമില്ല എന്നു പറയുന്നത് വളരെ ശരിയാണ്.
എല്ലാം കൂടിച്ചേരുന്ന ഇടമായിരുന്നു ഉത്സവ പറമ്പുകള്‍. പലപ്പോഴും കഥകളിയും ഓട്ടന്‍ തുള്ളലും ഞാൻ കാണാറുണ്ടായിരുന്നില്ല. നാടകവും കഥാപ്രസംഗവും ബാലയുമൊക്കെയാകും മറ്റ് കലാപരിപാടികള്‍. നേരം വെളുക്കുവോളം ഉള്ള പരിപാടികൾ. ഇന്ന് അതൊക്കെ പോയി. രാത്രി 10 മണി കഴിഞ്ഞാൽ ശബ്ദം പാടില്ല. അതുകൊണ്ട് 10 മണിക്ക് ശേഷം പരിപാടികൾ ഒന്നും ഇല്ലാതായി. ഈ നിയമം മൂലം കുറെ കലാകാരന്മ്മാരുടെ കഞ്ഞികുടി മുട്ടിച്ചു എന്നല്ലാതെ മറ്റൊന്നും ഉണ്ടായില്ല. ഇപ്പോൾ ആനകൾക്ക് കൂടെ നിയന്ത്രണം വന്നതോടെ ഉത്സവത്തിന്റെ ഹരം തന്നെ ഇല്ലാതായി. എന്നാൽ അർദ്ധരാത്രി വരെ തുറന്നിരിക്കുന്ന പെട്ടിക്കടകളും, അവിടെ തടിച്ചു കൂടുന്ന സാമൂഹ്യ വിരുദ്ധരും ഒന്നും പ്രശ്നമല്ലത്രേ!
എന്റെ കുട്ടിക്കാലത്ത് ഉത്സവത്തിന് പോയികൊണ്ടിരുന്നത് മസാല ദോശ കഴിക്കാനായിരുന്നു വെന്ന് കോറിയോ ഗ്രാഫർ രോഷ്ണി വിജയകൃഷ്ണൻ.
എന്റെയൊക്കെ കുട്ടിക്കാലത്ത് വൃതം നോറ്റ് ആണ് ഉത്സവത്തിന് പങ്കെടുത്തിരുന്നത്. ഇന്ന് ആരെങ്കിലും അങ്ങനെ ചെയ്യുന്നുണ്ടോ? മറ്റുള്ളവരുടെ കുറ്റോം കുറവും പറഞ്ഞു വൃതം നോക്കുന്നതിലും അർത്ഥം ഇല്ല. ഭഗവാനെ സ്തുതിച്ചത് കൊണ്ട് ഭഗവാൻ ഒന്നും തരില്ല. നമ്മൾ നമ്മളെ തന്നെ വിലയിരുത്തി നല്ല കർമ്മങ്ങൾ ചെയ്യുക. ഒരു ചോദ്യത്തിന് ഉത്തരമായി അവർ പറഞ്ഞു.
ഇന്നത്തെ പോലെ ആന നിയന്ത്രണങ്ങൾ ഒന്നും അന്ന് ഉത്സവങ്ങളിൽ പതിവില്ലാതിരുന്നു.
ഉത്സവസ്ഥലത്ത് കുട്ടികളെയും കൂട്ടി പോകുന്നത് ആന ചന്ദം കാണാൻ തന്നെയാണ്. പൂരങ്ങളിൽ ആനകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം വഴി എല്ലാവിധമായ സാമൂഹിക തിന്‍മകളും സാമൂഹിക വിരുദ്ധരും ചേര്‍ന്ന് ഉത്സവങ്ങള്‍ ഹൈജാക്ക് ചെയ്യുകയല്ലേ എന്ന് കരുതുന്നതിൽ എന്താണ് തെറ്റ്!?
Subscribe to:
Post Comments (Atom)
No comments:
Post a Comment