Saturday, 7 December 2024
Leena Theatre
*കോട്ടയ്ക്കല്‍ ലീനയ്ക്ക് അന്‍പതാണ്ട്;*
കോട്ടയ്ക്കലിലെ ആദ്യകാല തിയേറ്ററുകളിലൊന്നായ ലീന സുവർണജൂബിലിയിലേക്ക് കടക്കുമ്പോൾ ലീനയിൽ സിനിമ കണ്ട അനുഭവം പങ്ക് വെക്കുകയാണ് കോട്ടക്കലിലെ പ്രമുഖ വ്യവസായി ബാലകൃഷ്ണന്റെ മകളും കോറിയോ ഗ്രാഫറുമായ രോഷ്‌ണി വിജയകൃഷ്ണൻ.
_അഞ്ചുപതിറ്റാണ്ടുമുൻപാണ് എം.കെ. രാമുണ്ണിനായർ എന്ന മാനുക്കുട്ടൻനായർ കോട്ടയ്ക്കലിൽ ലീന തിയേറ്റർ ആരംഭിക്കുന്നത്. രോഷ്‌ണി വിജയകൃഷ്ണന്റെ വീടിനോട് ചേർന്നായിരുന്നു. ബാലകൃഷ്ണന്റെ അടുത്ത ചങ്ങാതിയായ മാനുകുട്ടൻ നായർ ഓരോ സിനിമയുടെ റിലീസിനും ബാലകൃഷ്ണനായി ഒരു സീറ്റ് ഒഴിച്ചിടുന്ന പതിവും ഉണ്ടായിരുന്നു._മാനുകുട്ടൻ _നായരുടെ മകനും രോഷ്‌ണിയും കോട്ടക്കലിലെ എൻ എസ് എസ് സ്കൂളിലെ വിദ്യാർത്ഥികളുമായിരുന്നു._
അച്ഛനും അമ്മയും ഒപ്പം സിനിമ കാണാൻ ചെല്ലുമ്പോൾ ഞാൻ കൈക്കുഞ്ഞായിരുന്നു എന്ന് അമ്മ പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു. അതായിരിക്കണം എന്റെ കോട്ടക്കലിലെ ആദ്യത്തെ തീയറ്റർ സിനിമ. പക്ഷേ, തീർച്ചയായും അത് ഓർത്തിരിക്കാൻ സാധ്യതയില്ലല്ലോ.
അച്ഛനും അമ്മയും തീയറ്റർ പോയി ഒരുപാട് സിനിമകൾ കാണുന്ന കൂട്ടത്തിലായിരുന്നു. ആ പാരമ്പര്യം ഞങ്ങൾ മക്കൾക്കും കിട്ടിയിട്ടുണ്ട്. ഒരു പക്ഷേ ഈ സിനിമ കമ്പം തന്നെയാകാം കലയോട് കൂടുതൽ ബന്ധം ഉണ്ടാക്കാൻ പ്രേരിപ്പിച്ചതും.
ഞാൻ രാവിലെ സ്കൂളിലേക്ക് പോകുന്നതും വൈകുന്നേരം തിരിച്ചു വരുന്നതും നടന്നായിരുന്നു. ലീനയുടെ മുന്നിൽ എത്തുമ്പോൾ ഞാനൊന്ന് നിൽക്കും. മറ്റൊന്നുമല്ല ഗേറ്റിന് മുന്നിലിരിക്കുന്ന സിനിമാ പോസ്റ്ററുകളിലെ താര പ്രതിഭകളെയും നോക്കി നിന്ന്, ആസ്വദിച്ചു പിന്നീടുള്ള ആ നടത്തത്തിന് പ്രത്യേക ഒരു സുഖം തന്നെയായിരുന്നു എനിക്ക്.
അമ്മയോട് മാത്രം പറഞ്ഞു അച്ഛൻ അറിയാതെ വളരെ രഹസ്യമായി ചേട്ടനോടും ചേച്ചിമാരോടും ഒപ്പം മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ലീനയിൽ പോയി സിനിമ കണ്ടിട്ടുണ്ട്.
സിനിമ കഴിഞ്ഞു വീട്ടിലേക്കു വരാൻ ഷോർട്കട്ട് ഉണ്ടെങ്കിലും രാത്രി ആരും ആ വഴി നടക്കാറില്ലാത്തതിനാൽ പ്രധാന വഴി തന്നെ വരേണ്ടി വന്നു. അച്ഛന്റെ കടയുടെ മുന്നിലൂടെ വേണം വരാൻ. ഫസ്റ്റ് ഷോ കഴിഞ്ഞു ആളുകൾ പോകുമ്പോൾ കച്ചവടം ഉള്ളത് കൊണ്ട് ഷോ കഴിഞ്ഞ ശേഷം മാത്രമേ അച്ഛൻ കട അടക്കാറുളൂ. അച്ഛൻ കടയിൽ ഇരിക്കുന്നത് കണ്ട് ഞങ്ങൾ പകച്ചു. പെട്ടെന്നു തന്നെ ഞങ്ങൾ സിനിമ കണ്ടിറങ്ങിയവരുടെ പുറകിൽ മറഞ്ഞു നടന്ന് ജംഗ്ഷനിൽ എത്തി. അച്ഛന് ഞങ്ങളെ
കാണാൻ കഴിഞ്ഞില്ല എന്ന വിശ്വാസത്തിൽ പിന്നെ ഓടി വീട്ടിൽ കയറി.
ഇന്ന് അതേക്കുറിച്ചൊക്കെ ഓർക്കുമ്പോൾ ചിരിയും, ഒപ്പം അച്ഛനെ പറ്റിച്ച് സിനിമക്ക് പോയതോർക്കുമ്പോൾ സങ്കടവും വരും. എത്ര പെട്ടെന്നാണ് വർഷങ്ങൾ പോയത്.
ലവ് ഇൻ സിങ്കപ്പൂർ, ഏഴാം കടലിനക്കരെ, മദനോത്സവം, തച്ചോളി അമ്പു, മഞ്ഞിൽ വിരിഞ്ഞപൂക്കൾ അങ്ങനെ ഒട്ടു മിക്ക സിനിമകളും ഞാൻ ലീനയിൽ തന്നെയാണ് കണ്ടത്. ലീനയിൽ ഞാൻ 14 തവണ കണ്ട സിനിമയാണ് ആലിബാബയും 41 കള്ളന്മാരും.
1974-ൽ പ്രേംനസീറും വിജയശ്രീയും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച 'അങ്കത്തട്ട് ' ആണ് ലീന തിയേറ്ററിൽ ആദ്യം പ്രദർശിപ്പിച്ച സിനിമ. കളർസിനിമകൾ പ്രചാരത്തിലായിത്തുടങ്ങിയ സമയമായിരുന്നു അത്. 2012-13 ൽ ആണ് തിയേറ്റർ മൾട്ടിപ്ലക്സ് ആകുന്നതും റിലീസ് സിനിമകൾ പ്രദർശിപ്പിച്ചുതുടങ്ങുന്നതും.
ഒരു സ്ത്രീയുടെ സ്വപ്നങ്ങൾക്ക് എന്നും ഒരു എക്സ്പ്പീരി ഡേറ്റ് ഉണ്ടാവും! അവളുടെ വിവാഹ തിയതി. അന്നത്തോട് കൂടി അവളുടെ ഭർത്താവിന്റെ സ്വപ്‌നങ്ങൾ ആണ് അവളുടെയും. അങ്ങനെ ആയിരിക്കണം എന്നാണ് 'നാട്ടുനടപ്പ്'. എന്നാൽ എന്റെ ജീവിതം അങ്ങനെആയിരുന്നില്ല. എന്റെ ഭർത്താവും ഒരു സിനിമ കമ്പക്കാരൻ തന്നെ ആയിരുന്നതിനാൽ ധാരാളം സിനിമകൾ ഒരുമിച്ചു കണ്ടു. എറണാകുളത്തേക്ക് താമസം മാറി വന്നപ്പോൾ ഒരു സിനിമ കുടുംബത്തെ ഫാമിലി സുഹൃത്തായി കിട്ടിയതോടെ സിനിമ കാണൽ കൂടിയെന്ന് വേണം പറയാൻ.
Subscribe to:
Post Comments (Atom)
No comments:
Post a Comment